- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നറുക്കെടുപ്പാകാം,എന്നാൽ മേൽശാന്തി നിയമനം അന്തിമ വിധിക്കനുസരിച്ച്; ശബരിമലയിൽ മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ ഇല്ല- സുപ്രീം കോടതി
ന്യൂഡൽഹി: ഈ വർഷത്തെ ശബരിമല മേൽശാന്തി തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സന്നിധാനത്ത് നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ ഉണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി.എന്നാൽ മേൽശാന്തി നിയമനം തങ്ങളുടെ പരിഗണനയിലുള്ള കേസിന്റെ അന്തിമ വിധിക്കനുസരിച്ച മാത്രമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മേൽശാന്തി തിരഞ്ഞെടുപ്പിൽ തന്നേക്കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര സ്വദേശി എൻ. വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിൽ സുപ്രീം കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചു.വിഷയത്തിൽ രണ്ട് ആഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് ബോർഡിനോട് കോടതിയുടെ നിർദ്ദേശം.ദീപാവലി അവധിക്ക് ശേഷം ചേരുന്ന കോടതി വിഷ്ണു നമ്പൂതിരിയുടെ ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ കൃഷ്ണ മുരാരി,രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആറ്റുകാൽ ഭഗവതി ക്ഷേത്രം ഉൾപ്പെടെ പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും മേൽശാന്തി ആയിരുന്നു എൻ. വിഷ്ണു നമ്പൂതിരി.അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ട ഫോർമാറ്റിൽ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റ് ഉൾപ്പടെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷ്ണു നമ്പൂതിരിയുടെ അപേക്ഷ തള്ളിയിരുന്നു.
എന്നാൽ ബോർഡിന്റേത് അല്ലാത്ത ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് അപേക്ഷ നൽകാൻ കഴിയാത്ത തരത്തിലാണ് അപേക്ഷാ ഫോം തയ്യാറാക്കിയിരിക്കുന്നതെന്ന് വിഷ്ണു നമ്പൂതിരിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആര്യാമ സുന്ദരം കോടതിയിൽ ചൂണ്ടിക്കാട്ടി.തുടർന്നാണ് കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചത്.
സ്‌റ്റേ ഒഴിവായതോടെ ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നാളെ രാവിലെ 8ന് ഉഷഃപൂജയ്ക്കു ശേഷം നടക്കും.ശബരിമലയിലേക്ക് പത്തും മാളികപ്പുറത്തേക്ക് എട്ടും പേരാണ് പട്ടികയിലുള്ളത്.
തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നിരീക്ഷകൻ ജസ്റ്റിസ് ഭാസ്‌കരൻ, സ്‌പെഷൽ കമ്മിഷണർ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ ശബരിമലയിലെയും പൗർണമി ജി. വർമ മാളികപ്പുറത്തെയും മേൽശാന്തിയെ കണ്ടെത്താനുള്ള കുറിയെടുക്കും.




