തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ സഹായത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ തത്വങ്ങൾക്കെതിരായ ഗവർണറെ ചാൻസിലർ സ്ഥാനനിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിനെ പ്രതിപക്ഷം പിന്തുണച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കുകയാണ് പ്രതിപക്ഷം.

മുസ്ലിംലീഗിന്റെ ഭീഷണിക്ക് വഴങ്ങിയാണ് കോൺഗ്രസിന്റെ ഈ യൂടേൺ. കോൺഗ്രസ് പൂർണമായും ലീഗിന് കീഴടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് പിൻവാതിൽ നിയമനങ്ങളെ സാധൂകരിക്കുകയാണ് ഇതുവഴി പ്രതിപക്ഷം ചെയ്യുന്നത്. ഇങ്ങനൊരു പ്രതിപക്ഷം കൊണ്ട് എന്ത് കാര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.