കണ്ണൂർ: കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ ഭർതൃമതിയും ഒന്നരവയസുള്ള കുട്ടിയുടെ അമ്മയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കരിവെള്ളൂർ കൂക്കാനത്ത് യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഗാർഹീക പീഡന കേസിൽ ഭർത്താവും ഭർതൃമാതാവും പിടിയിലായത്.

ഭർത്താവ് കൂക്കാനം സ്വദേശി രാകേഷ്, മാതാവ് ഇന്ദിര (65) എന്നിവരെയാണ് പയ്യന്നൂർ ഡിവൈഎസ്‌പി.കെ.ഇ.പ്രേമചന്ദ്രനും സംഘവും കസ്റ്റഡിയിലെടുത്തത്. ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു.രാമചന്ദ്രന്റേയും സുഗതയുടേയും മകൾ കെ.പി.സൂര്യ(24) യാണ് ഭർതൃഗൃഹത്തിൽ കഴിഞ്ഞ സെപ്റ്റംബർ നാലിന് ആത്മഹത്യ ചെയ്തത്.

യുവതി അനുജത്തിക്ക് മൊബെൽ ഫോൺ വഴി അയച്ച സന്ദേശങ്ങളാണ് കേസിൽ പ്രധാനമായും പൊലീസ് പരിശോധിച്ചത്. മൊബെൽ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും ഭർതൃഗൃഹത്തിലെ പീഡനം സംബന്ധിച്ച വിവരങ്ങളും കണ്ടെത്തിയത്.

യുവതി ഭർതൃഗൃഹത്തിൽ ഗാർഹീക പീഡനത്തിനിരയായതായ വിവരങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് കരിവെള്ളൂർ കൂക്കാനത്തെ തൈവളപ്പിൽ രാകേഷിനെയും മാതാവ് ഇന്ദിരയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിന്റെ അന്വേഷണ ചുമതലയുള്ള പയ്യന്നൂർ ഡിവൈ.എസ് .പി അറസ്റ്റു രേഖപ്പെടുത്തി.

2021 ജനുവരി 9നാണ് രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തിൽ ഒമ്പതു മാസം പ്രായമുള്ള ആൺ കുട്ടിയുണ്ട്. ഭർതൃവീട്ടിൽ ഭർത്താവും അമ്മയും മാത്രമാണുള്ളത്. ഇവരോടൊപ്പം കഴിഞ്ഞുവരവേയാണ് സൂര്യയെ ഭർതൃ വീട്ടിലെ കോണി പടിക്കരികിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഭർതൃവീട്ടിലെ .പീഡനമാണ് സൂര്യയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഇളയച്ചൻ ബാലകൃഷ്ണൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

സൂര്യയുടെ വിവാഹം കഴിഞ്ഞതിനു ശേഷം മാസങ്ങൾ പിന്നിടുമ്പോൾ തന്നെ ഭർതൃവീട്ടുകാരുമായി തമ്മിൽ പ്രശ്നമുണ്ടായിരുന്നതായും കുടുംബക്കാർ ഇടപെട്ടതിനു ശേഷമാണ് ഒത്തുതീർത്തതെന്നു പരാതിയിൽ പറയുന്നുണ്ട്. കൂക്കാനം സ്വദേശി രാകേഷ് മെഡിക്കൽ റെപ്പായി ജോലി ചെയ്തുവരികയായിരുന്നു.