വണ്ടൂർ: മലപ്പുറം വണ്ടൂരിലെ പുളിക്കൽ സിറ്റി പാലസ് ബാറിൽ യുവാവ് രണ്ട് ജീവനക്കാരെ കുത്തിപ്പരുക്കേൽപ്പിച്ചു. കണ്ണൂർ മുള്ളരിക്കണ്ടി സ്വദേശികളായ ആകാശ് (25), അഭിജിത്ത് (25) എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ, എറിയാട് തൊണ്ടിയിൽ താഴത്തെ വീട്ടിൽ ഷിബിലിയെ (28) ആണ് പോലീസ് സാഹസികമായി പിടികൂടിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്.

ആക്രമണത്തിൽ പരുക്കേറ്റ ഷിബിലി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തേറ്റ ജീവനക്കാരായ ആകാശിനെയും അഭിജിത്തിനെയും വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകാശിന്റെ വയറ്റിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ബാറിൽ എത്തിയ ഷിബിലി അക്രമാസക്തനാവുകയും കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു എന്ന് ബാർ മാനേജർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഏകദേശം 40 ലിറ്ററോളം മദ്യവും മേശകളും കസേരകളും ജനലുകളും സിസിടിവി ക്യാമറകളും ഇയാൾ അടിച്ചു തകർത്തതായും പരാതിയിലുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം ബാറിൽ പരിഭ്രാന്തി പരത്തിയ ഷിബിലിയെ പോലീസ് സ്ഥലത്തെത്തിയാണ് കീഴ്പ്പെടുത്തിയത്. ഷിബിലി മുമ്പും ബാറിലും ജീവനക്കാരുടെ താമസസ്ഥലത്തും എത്തി ആക്രമണം നടത്തിയിട്ടുണ്ടെന്നും, ഈ സംഭവങ്ങളിൽ കേസുകൾ നിലവിലുണ്ടെന്നും ബാർ മാനേജർ പോലീസിനോട് വെളിപ്പെടുത്തി.