കോഴിക്കോട്: വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു അഴിമതിക്കേസില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥയെ വീണ്ടും അതേ ഓഫിസില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചതായി പരാതി. ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ക്ലാര്‍ക്കായിരുന്ന സ്ത്രീയാണ് ഓഫിസില്‍ നടത്തിയ ഇടപെടലുകളെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായത്.

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ജോലിക്ക് കയറി അധികം വൈകും മുന്നേ അവരെ അതേ ഓഫിസില്‍ സൂപ്രണ്ട് ആയി സ്ഥാനക്കയറ്റം നല്‍കി നിയമിക്കുക ആയിരുന്നു. എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഫയലുകള്‍ സംബന്ധിച്ച പരാതികളില്‍ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2021ല്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ജൂനിയര്‍ സൂപ്രണ്ട് ആയി നിയമിച്ചു. അവിടെ 4 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ കോഴിക്കോട്ടേക്കോ മലപ്പുറത്തേക്കോ സ്ഥലം മാറ്റം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു കോഴിക്കോട് ആര്‍ഡിഡി ഓഫിസിലേക്കു മാറ്റിയത്.

ഒരു ഓഫിസില്‍ ജോലി ചെയ്യുന്നതിനിടെ അഴിമതിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരിക്ക് അതേ ഓഫിസില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമനം നല്‍കുന്നതു കൂടുതല്‍ അഴിമതിക്കു വഴി വയ്ക്കുമെന്നാണ് ആക്ഷേപം.