തിരുവനന്തപുരം: കൈക്കൂലിയായി ലാപ്‌ടോപ് വാങ്ങിയ തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ. കെട്ടിട നിർമ്മാണ പെർമിറ്റിന് പകരമായാണ് കൈക്കൂലി വാങ്ങിയത്. ഉള്ളൂർ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ മായ വി എസ്സിനെയാണ് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് സസ്പെൻഡ് ചെയ്തത്. പെർമിറ്റ് നൽകാൻ ആർ.ഐ. കൈക്കൂലി ആവശ്യപ്പെടുന്ന ഫോൺ കോളിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. നഗരത്തിലെ കെട്ടിട നിർമ്മാണ കരാറുകാരനോടാണ് ഉദ്യോഗസ്ഥ പണം ആവശ്യപ്പെട്ടത്.

ഇതനുസരിച്ച് കൈക്കൂലിയായി ലാപ്‌ടോപാണ് ഇവർ ചോദിച്ചുവാങ്ങിയത്. ഇവർക്കെതിരെ നേരത്തേയും നിരവധി പരാതികളുണ്ടായിരുന്നു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കളക്ടർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുകയാണ്. കൈക്കൂലിക്ക് വേണ്ടി സേവനങ്ങൾ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവർക്കെതിരെ രണ്ട് കൗൺസിലർമാർ നേരത്തേ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ആർ.ഐക്കെതിരേ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.