- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സബ്‌സിഡി സാധനങ്ങള്‍ സ്റ്റോക്ക് വെക്കുന്നതില്‍ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാര്‍ക്ക് സസ്പെന്ഷന്
സബ്‌സിഡി സാധനങ്ങള്‍ സ്റ്റോക്ക് വെക്കുന്നതില്‍ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാര്‍ക്ക് സസ്പെന്ഷന്

കൊച്ചി: സപ്ലൈകോ ഡിപ്പോകളില്‍ സബ്‌സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. മാവേലിക്കര ഡിപ്പോയിലെ സീനിയര്‍ അസിസ്റ്റന്റ് ആര്‍. പ്രേംനാഥ്, നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയര്‍ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണല്‍ ജനറല്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) സസ്‌പെന്‍ഡ് ചെയ്തത്. ഔട്ട്‌ലെറ്റുകളില്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഫെബ്രുവരിയിലെ സബ്‌സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കണമെന്ന് ജനുവരിയില്‍ കേന്ദ്ര കാര്യാലയം എല്ലാ ഡിപ്പോകളോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിവിധ സബ്‌സിഡി സാധനങ്ങള്‍ക്ക് ആവശ്യകതയില്ലെന്നായിരുന്നു പറക്കോട്, മാവേലിക്കര, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ നിന്ന് കേന്ദ്ര കാര്യാലയത്തിന് ലഭിച്ച മറുപടി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സാധനങ്ങള്‍ സമയത്ത് എത്തിയില്ലെന്നാണ് വിലയിരുത്തല്‍.
തുടര്‍ന്ന് ഫെബ്രുവരിയില്‍ ബന്ധപ്പെട്ട ഡിപ്പോകളില്‍ സബ്‌സിഡി സാധനങ്ങള്‍ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങള്‍ക്ക് വിതരണം തടസ്സപ്പെടുകയും ചെയ്തു. സ്റ്റോക്ക് കുറവ് സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്ന് പരാതികളും ഉയര്‍ന്നിരുന്നു. പറക്കോട്, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ ചെറുപയര്‍, മല്ലി, മുളക് ഉള്‍പ്പെടെ അഞ്ച് സബ്‌സിഡി സാധനങ്ങളും മാവേലിക്കര ഡിപ്പോയില്‍ എട്ട് സാധനങ്ങളും സ്റ്റോക്ക് ഇല്ലാതായതായി കണ്ടെത്തി. വകുപ്പ് തലത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.


