തിരുവനന്തപുരം: ഓസിന് മദ്യം നല്‍കാത്തതിന്റെ പ്രതികാരമായി ബാര്‍ ഹോട്ടല്‍ ഉള്‍പ്പെടുന്ന പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. വൈക്കം തലയാഴം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരായ പി.വി.അഭിലാഷ്, പി.സി.സലീംകുമാര്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. ഇരുവരും ചേര്‍ന്ന് ബാറിന്റെ പ്രദേശത്തേക്കുള്ള ഫ്യൂസ് ഊരുക ആയിരുന്നു.

അഭിലാഷും സലീംകുമാറും ബാറില്‍നിന്നു മദ്യപിച്ചശേഷം പണം കൊടുക്കാതെ ഇറങ്ങി പോകാന്‍ ശ്രമിച്ചു. എന്നാല്‍ ബാര്‍ ജീവനക്കാര്‍ ഇതു തടഞ്ഞു. ഇതിന്റെ പ്രതികാരമായി ബാറിന്റെ പരിധിയിലുള്ള തലയാഴം 11 കെ.വി. ഫീഡര്‍ ഓഫ് ചെയ്തു. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി. എം.ഡി. അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍ പി.സുരേഷ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയില്‍ സുരേഷ് കുമാറിനെ പ്രതിയാക്കി പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.