നിലമ്പൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് വാഹനപരിശോധന നടത്തുന്നത് സ്വാഭാവികമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിയമവിധേയമായി എല്ലാവരും പരിശോധനയോട് സഹകരിക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു. കോണ്‍?ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സ്വരാജ്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്റെ വാഹനവും പരിശോധിച്ചിരുന്നു. അത്തരം പരിശോധനകള്‍ നല്ലതാണ്. നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താനും ആര്‍ക്കെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും കഴിയും. ഏകപക്ഷീയമായ പരിശോധനകളൊന്നും കേരളത്തില്‍ നടക്കില്ല. വാഹനം പരിശോധിച്ചതില്‍ കോണ്‍?ഗ്രസ് നേതാക്കള്‍ക്ക് പ്രയാസമുണ്ടെങ്കില്‍ നിയമപരമായി നീങ്ങട്ടെയെന്നും സ്വരാജ് പറഞ്ഞു.

നിലമ്പൂര്‍ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പില്‍ എംപിയും രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ചത്. പരിശോധിച്ച ഉദ്യോ?ഗസ്ഥരോട് എംപിയും എംഎല്‍എയും കയര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.