കൊച്ചി: ഓടുന്ന ദൂരത്തിനനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്നും തൊഴിൽ രംഗത്ത് നടക്കുന്നത് ചൂഷണമാണെന്നുമാരോപിച്ച് കൊച്ചിയിൽ സ്വിഗ്ഗി ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു.ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ വിതരണക്കാരുടെ സമരം ഒഴിവാക്കുന്നതിനായി കമ്പനി അധികൃതരം ജീവനക്കാരുമായി ശനിയാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് വിതരണക്കാർ സമരം ആരംഭച്ചിരിക്കുന്നത്.അതേ സമയം സമരത്തിൽ ഇടപെട്ട ലേബർ കമ്മീഷണർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തും.

വിതരണത്തിന് മിനിമം നിരക്ക് ഉയർത്തണമെന്നും തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.വളരെ തുച്ഛമായ തുകയാണ് വിതരണക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം.നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുന്നത് 20 രൂപ മാത്രമാണ്.എട്ട് കിലോമീറ്റർ ജീവനക്കാർ സഞ്ചരിക്കേണ്ടതുണ്ട്. അതിനാൽ നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

പത്ത് കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഭക്ഷണം എത്തിച്ചാൽ 50 രൂപയാണ് വിതരണക്കാർക്ക് ലഭിക്കുക.തിരികെ വരുന്ന പത്ത് കിലോമീറ്റർ കൂടി കണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു.ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കാൻ തങ്ങൾ നിർബന്ധിതരായതെന്ന് ജീവനക്കാർ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിലും ജീവനക്കാർ ഈ ആവശ്യവുമായി സമരം നടത്തിയിരുന്നു.അന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് ജീവനക്കാർ സമരം അവസാനിപ്പിക്കാൻ തയ്യാറായത്.എന്നാൽ ഇത് പാലിക്കപ്പെട്ടില്ല.തേർഡ് പാർട്ടി ആപ്ലിക്കേഷന് സ്വിഗ്ഗി ഡെലിവറി അനുമതി നൽകിയതും വിതരണക്കാർക്ക് തിരിച്ചടിയായി.സ്വിഗ്ഗി വിതരണക്കാർക്ക് നൽകുന്നതിലും ഇരട്ടി പ്രതിഫലം ഇവർക്ക് നൽകുന്നുവെന്നും മഴയുള്ളപ്പോഴും മറ്റും ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്ന അധിക തുക വിതരണക്കാർക്ക് ലഭിക്കുന്നില്ലെന്നും കമ്പിനിക്കെതിരെ പരാതിയുണ്ട്.