-തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുര ജയിലില്‍ നിന്നാണ് തന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സെല്‍റൂമിലേക്കാണ് മാറ്റിയത്. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി തന്ത്രി ജയില്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായുരുന്നു. ഇതേ തുടര്‍ന്നാണ് തന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നാളെ ആഞ്ചിയോഗ്രാം ചെയ്യും. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരു കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.

വിശദമായ പരിശോധനകള്‍ക്കായാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകള്‍ നാളെ നടക്കുമെന്നതിനാല്‍ രാജീവര് ഇന്ന് ആശുപത്രിയിലെ ജയില്‍ സെല്ലില്‍ തുടരും.

റിമാന്‍ഡിലായതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നും തന്ത്രിയെ മുന്‍പും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

രാജീവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ നടന്ന ആചാരലംഘനങ്ങളെക്കുറിച്ച് ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്നും, സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നത് തടയാതെ കുറ്റകരമായ മൗനാനുവാദം നല്‍കി വീഴ്ച വരുത്തിയെന്നും, ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നുവെന്നുമാണ് എസ്.ഐ.ടി.യുടെ കണ്ടെത്തല്‍. കുറ്റകൃത്യത്തില്‍ രാജീവറിന്റെ പങ്ക് തെളിയിക്കുന്ന ശക്തമായ സാക്ഷിമൊഴികളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

കണ്ഠര് രാജീവര് തന്ത്രിയായിരുന്ന കര്‍ണാടകയിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ 2004 മുതല്‍ 2008 വരെ ശബരിമലയിലും ഉണ്ണികൃഷ്ണന്‍ പോറ്റി കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചിരുന്നു.

തന്ത്രിക്ക് ജാമ്യം അനുവദിച്ചാല്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാരെയും പൊതുസമൂഹത്തെയും സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും എസ്.ഐ.ടി. കോടതിയെ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയും രാജീവറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം അനിവാര്യമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കവെ, രാജീവറിന്റെ ആരോഗ്യനിലയും നിയമപരമായ നടപടികളും നിര്‍ണായകമാണ്.