തൃശൂര്‍: തൃശൂരിൽ അഞ്ച് വയസുകാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ പോലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ പിടികൂടിയത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലാണ് സമ്ഭവം നടന്നത്. കുട്ടി ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.

പക്ഷെ സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് പറഞ്ഞു.

സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും പരാതി ഉണ്ട്. ശേഷം അധ്യാപിക ഒളിവിൽ ആണെന്നും പോലീസും പറഞ്ഞു. അതേസമയം, അധ്യാപികയെ സ്കൂളിൽ നിന്നും സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.