പത്തനംതിട്ട : ഇലന്തൂർ ഭഗവതിക്കുന്ന് ക്ഷേത്രത്തിൽ ഞായറാഴ്‌ച്ച രാത്രി നടന്ന മോഷണത്തിൽ പ്രതികളിലൊരാളെ ഉടനടി പിടികൂടി പത്തനംതിട്ട പൊലീസ്. പത്തനംതിട്ട പെരുനാട് മൂഴിക്കൽ വീട്ടിൽ സുരേഷ് (48) ആണ് മണിക്കൂറുകൾക്കകം പൊലീസിന്റെ വലയിലായത്. ഇയാൾ കേസിൽ ഒന്നാം പ്രതിയാണ്. മറ്റുപ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. രാത്രി ക്ഷേത്രത്തിൽ കടന്ന് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 4000 രൂപയും, ഉപദേവതാലയങ്ങളുടെ പൂട്ടുപൊട്ടിച്ച് 4 കിലോ തൂക്കം വരുന്നതും 20000 രൂപ വിലമതിക്കുന്നതുമായ ഓട് വിഗ്രഹപ്രഭയും, 4000 രൂപ വിലവരുന്ന 5 നിലവിളക്കുകളുമാണ് മോഷ്ടാക്കൾ കവർന്നത്. ആകെ 28000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

ക്ഷേത്രഭാരവാഹി കൊണ്ടൂർ വീട്ടിൽ സുരേഷ് ജി നായരുടെ മൊഴിപ്രകാരം ഇന്നലെ കേസെടുത്ത പത്തനംതിട്ട പൊലീസ്, ക്ഷേത്രത്തിന് സമീപമുള്ള വീടുകളിലെയും കടകളിലെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ അന്വേഷണസംഘവും ഫോട്ടോഗ്രാഫി വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചിരുന്നു.

ജില്ലാ പൊലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദ്ദേശത്തെത്തുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ സംശയകരമായ നിലയിൽ സുരേഷിനെ രാത്രി 9.30 ന് പത്തനംതിട്ട മാർക്കറ്റ് ജംഗ്ഷന് സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു., വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ തൊണ്ടിമുതലുകൾ പൊലീസ് കണ്ടെടുത്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ നാലു മോഷണക്കേസുകളിലും, റാന്നി സ്റ്റേഷനിലെ രണ്ടും, ആറന്മുള സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു മോഷണകേസിലും പ്രതിയാണ് ഇയാൾ.

പത്തനംതിട്ട ഡി വൈ എസ് പി വിനോദിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐമാരായ അനൂപ് ചന്ദ്രൻ, ഷിബു, സജു എബ്രഹാം, എസ് സി പി ഓ ബൈജു സി പി ഓമാരായ സനൽ,, ശ്രീലാൽ എന്നുവരാണ് ഉള്ളത്.