തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വണ്‍ ഹെല്‍ത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും സ്ഥിരീകരിക്കുന്നതിനും ആവശ്യമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയോജിതമായി പരിശോധനകള്‍ ഇപ്പോൾ നടത്തിവരുന്നത്.

പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കിയാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ ഫീല്‍ഡുതല പരിശോധനകള്‍ നടത്തിയത്. ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ അടിസ്ഥാനമാക്കി പഞ്ചായത്തുകളെയും രോഗങ്ങളെയും നിശ്ചയിച്ചാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫീല്‍ഡുതല പരിശോധനകള്‍ നടത്തിയത്.

ഫീല്‍ഡുതല പരിശോധനകള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടീമിനെയും അവർ നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തില്‍ വിജയകരമായ സംയോജിത പരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജ്യത്ത് ആദ്യമായി കേരളത്തില്‍ എല്ലാ ജില്ലകളിലും ഇത് നടപ്പിലാക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.