- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടത്തോടെ ചത്ത നിലയിൽ കാട്ടുപന്നികൾ; സാംപിൾ പരിശോധനയ്ക്ക് അയച്ചു; വൈറസ് ബാധയെന്ന് സംശയം; ആശങ്കയിൽ നാട്ടുകാർ
മലപ്പുറം: മലപ്പുറം ജില്ലയിൽ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിൽ ആശങ്ക. ഒരു മാസത്തിനിടെ 40-ൽ അധികം കാട്ടുപന്നികൾ വിവിധയിടങ്ങളിൽ ചത്തതായി വനംവകുപ്പ് അറിയിച്ചു. ഇതിന്റെ കാരണം കണ്ടെത്താൻ ഊർജിത നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം നറുക്കുംപൊട്ടിയിൽ ജനവാസ കേന്ദ്രത്തിന് സമീപം ചത്തുകിടന്ന കാട്ടുപന്നിയുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തി. സാമ്പിളുകൾ വയനാട് പൂക്കോട് വെറ്ററിനറി ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ എസ്. ശ്യാമിൻ്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. വൈറസ് ബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വഴിക്കടവ് വനം റേഞ്ചിലെ നറുക്കുംപൊട്ടി, മണൽപ്പാടം, കമ്പളക്കല്ല് എന്നിവിടങ്ങളിലാണ് വനത്തിനുള്ളിലും സമീപത്തെ കൃഷിയിടങ്ങളിലും കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം നൽകിയതാകാമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും പിന്നീട് ഇത് തള്ളിക്കളഞ്ഞു.
ചത്ത കാട്ടുപന്നികളെ സംസ്കരിക്കുന്നതിൽ വനംവകുപ്പിൻ്റെ ഭാഗത്ത് അലംഭാവം നേരിടുന്നതായി നാട്ടുകാർ പരാതി ഉന്നയിക്കുന്നു. ചത്തവയെ കണ്ടെത്തിയാൽ വിവരം അറിയിച്ചാൽ വനംവകുപ്പ് വന്ന് മറവുചെയ്യുകയാണ് പതിവ്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് സംസ്കരണം നടക്കുന്നതെന്നും ഇത് രോഗം വളർത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നു.