കണ്ണൂർ: തലശേരി ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം അതിവേഗംസമർപ്പിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. തലശേരി ടൗൺ പൊലിസിൽ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് എ.സി.പി കെ.വി ബാബുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണമാരംഭിച്ചത്.

നേരത്തെ തലശേരി മണവാട്ടി ജങ്ഷനിൽ രാജസ്ഥാൻ സ്വദേശിയായ നാടോടി ബാലനെ കാറിൽ ചാരി നിന്നതിന് ചവുട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതിക്കെതിരെ ഒരു മാസത്തിനുള്ളിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുസമാനമായി തലശേരി ഇരട്ടക്കൊലപാതകത്തിന്റെ കുറ്റപത്രം അതിവേഗം സമർപ്പിക്കാനാണ് നീക്കം നടത്തുന്നത്.

ഇതിനിടെ ഇരട്ടക്കൊലപാതക കേസിലെ അഞ്ചുപ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇന്നുമുതൽ ഡിസംബർ അഞ്ചിന് വൈകുന്നരം ആറുമണിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനാണ് അപേക്ഷ നൽകിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറൻഡ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

നിട്ടൂർ ഇല്ലിക്കുന്നിലെ സി.പി. എം പ്രവർത്തകരായ ത്രിവർണയിൽ ഖാലിദ്(52) സഹോദരി ഭർത്താവ് പൂവനായി ഷമീർ(40) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കൃത്യം നടത്തിയ പി.പി സുരേഷ്ബാബുവെന്ന പാറായി ബാബു(47) ഇല്ലിക്കുന്ന് ചിറക്കകാവിന്സമീപം മുട്ടുങ്കൽ ഹൗസിൽ ജാക്സൺ വിൻസൺ(28) വണ്ണത്താൻ വീട്ടിൽ കെ.നവീൻ(32) വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ കെ.മുഹമ്മദ് ഫർഹാൻ(21) പിണറായി പടന്നക്കര വാഴയിൽ എൻ.സുജിത്ത് കുമാർ(45) എന്നിവർക്കായാണ് ക്രൈംബ്രാഞ്ച്് എ.സി.പി കെ.വി ബാബുകസ്റ്റഡി അപേക്ഷ നൽകിയത്. കേസിൽ പ്രതികളുടെ സാന്നിധ്യത്തിൽ കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാൻ ബാക്കിയുണ്ടെന്ന് അപേക്ഷയിൽ പറയുന്നു. സംഭവത്തിൽ ഗൂഢാലോചന നടത്തിയത് എവിടെയാണെന്നും കണ്ടത്തേണ്ടതുണ്ട്.

ഖാലിദിനെയും ഷമീറിനെയും കുത്താനുപയോഗിച്ച കത്തി എവിടെ നിന്നും ലഭിച്ചതാണെന്നും അറിയേണ്ടതുണ്ട്. സംഭവത്തിൽ ഓരോപ്രതികളുടെയും പങ്ക് എന്തായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമാവേണ്ടതുണ്ട്. ഇതുപ്രകാരമാണ് പ്രതിപട്ടികയിൽ മാറ്റംവരുത്തുക.ഇത്തരം കാര്യങ്ങൾ വ്യക്തമാകുന്നതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നുണ്ട്. കൊലപാതകത്തിനു ശേഷം ഒന്നുമുതൽ അഞ്ചുവരെ പ്രതികളെ രക്ഷപ്പെടാൻ 6,7 പ്രതികൾ സഹായിച്ചുവെന്നതിൽ വ്യക്തത വരുത്താനും പ്രതികളുടെ രക്തസാമ്പിളുകൾ ശേഖരിക്കാനും ബാക്കിയുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഈകേസിലെ കൃത്യത്തിൽ നേരിട്ടു പങ്കെടുക്കാത്ത ആറ്, ഏഴ് പ്രതികളായ വടക്കുമ്പാട്ട് പാറക്കെട്ട് സ്വദേശി പി.അരുൺകുമാർ(38) പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ സന്ദീപ്(38) എന്നിവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

നവംബർ 23-ന് വൈകുന്നേരം 3.55-നാണ് ദേശീയ പാതയിലെ വീനസ് കോർണറിൽ ഖാലിദിനെയും ഷമീറിനെയും പ്രതികൾ കുത്തിക്കൊലപ്പെടുത്തിയത്. ലഹരിവിൽപന ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സി.പി. എം ബന്ധം തെളിഞ്ഞതിനെ തുടർന്ന് ഈ കേസിലെ മുഖ്യപ്രതിയായ പാറായി ബാബുവിനെസി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ തള്ളിപ്പറഞ്ഞിരുന്നു.