- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലശേരി- മാഹി ബൈപ്പാസിൽ അപകടങ്ങൾ പെരുകുന്നു
കണ്ണൂർ: മൈസൂര് -ബംഗ്ളൂര് എക്സ്പ്രസ് ഹൈവേയുടെതിന് സമാനമായി പുതുതായി നിർമ്മിച്ച തലശേരി- മാഹി ബൈപ്പാസ് റോഡിലും അപകടങ്ങൾ വർധിക്കുന്നത് ജനങ്ങളിൽ ആശങ്കയുണർത്തുന്നു. ആറുവരിപ്പാതയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാന വില്ലനായി മാറുന്നത്. ഈസ്റ്റ് പള്ളൂരിൽ ചൊക്ലിസ്പിന്നിങ് മിൽ റോഡ് കടന്നു പോകുന്ന ബൈപാസ് സിഗ്നൽ പോസ്റ്റിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്.
ബൈപാസ് തുറന്ന് 50 ദിവസങ്ങൾ പിന്നിടുമ്പോൾ സിഗ്നൽ ജങ്ഷനിൽ അറുപതിലേറെ അപകടങ്ങൾ നടന്നു. പലതും സിഗ്നൽ സംവിധാനം അറിയാതെ വാഹനങ്ങൾ മുന്നോട്ട് എടുത്തപ്പോൾ സംഭവിച്ചതാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ പിഴവ് കാരണം സംഭവിക്കുന്ന അപകടങ്ങൾ സംഭവസ്ഥലത്തുതന്നെ സംസാരിച്ച് തീർപ്പാക്കുന്നത് ഇവിടെ പതിവു കാഴ്ചയാണ്. 15 കേസുകൾ മാത്രമാണ് പൊലീസിനു മുന്നിലേക്ക് എത്തിയത്. സിഗ്നൽ മാറുന്നത് ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരാണ് അപകടമുണ്ടാക്കുന്നതെന്ന് സിഗ്നൽ പോസ്റ്റിൽ ഡ്യൂട്ടിയിലുഉള്ള പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
മൂന്നു വരിയിൽ വാഹനങ്ങൾ മറികടക്കുന്നത് എങ്ങനെയെന്ന് അറിയാത്തതും യു ടേണിന് അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം തിരിക്കാൻ ശ്രമിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്. സർവീസ് റോഡ് ഉപയോഗിക്കുന്നതു തോന്നിയതു പോലെയാണെന്നും പരാതിയുണ്ട്. സർവീസ് റോഡിൽ എവിടെ നിന്നാണ് ബൈപാസിൽ പ്രവേശിക്കേണ്ടത് എന്നതിലും ചില ഡ്രൈവർമാർക്ക് ധാരണയില്ല. ഈസ്റ്റ് പള്ളൂരിൽ നിന്നും പാറാൽ ഭാഗം വരെ ബൈപാസിന്റെ ഇടത് ഭാഗത്ത് സർവീസ് റോഡ് പൂർണമല്ല. ഫലത്തിൽ യു ടേൺ സംവിധാനം ലംഘിച്ചും ഈ ഭാഗത്ത് തോന്നിയതു പോലെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ സംവിധാനം ഫലപ്രദമായി നടപ്പാക്കാൻ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ബൈപാസ് വൈദ്യുതീകരിച്ച് വിളക്കുകൾ സ്ഥാപിക്കാത്തതും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാത്തതും രാത്രികാലങ്ങളിൽ അപകടങ്ങൾ വർധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. അമിത വേഗതയിലാണ് ബൈപ്പാസ് റോഡിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. അപകടനിരക്ക് കൂടാൻ ഇതും കാരണമാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.