തളിപ്പറമ്പ്: തളിപ്പറമ്പ് വെള്ളാരംപാറയിലെ പൊലിസ് ഡംപിങ് യാർഡിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് തളിപ്പറമ്പ് സി. ഐ എ.വി ദിനേശന്റെ നേതൃത്വത്തിലാണ് അന്വേഷണമാരംഭിച്ചു, തീപിടിത്തത്തിനു കാരണം സ്വാഭാവിക അഗ്നിബാധയാണോ അതോ മറ്റെന്തിങ്കിലുമാണോയെന്നാണ് പൊലിസ് അന്വേഷിക്കുന്നത്.തീപിടിത്തതിനു പിന്നിൽ വൻഗൂഢാലോചനയുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

2014-ലാണ് സംസ്ഥാന പാതയോരത്ത് അരയേക്കറോളം സ്ഥലം ഡംപിങ് യാർഡായി മാറ്റിയത്. തളിപറമ്പ്, പരിയാരം, പയ്യന്നൂർ, മയ്യിൽ, വളപട്ടണം, പഴയങ്ങാടി പൊലിസ് സ്റ്റേഷനുകളിൽ വിവിധ കുറ്റക്യത്യങ്ങൾക്കായി ഉപയോഗിച്ച വാഹനങ്ങളാണ് ഇവിടെ കോടതിയുടെ തീർപ്പുകഴിയുന്നവരെ സൂക്ഷിച്ചിരുന്നത്. ആദ്യഘട്ടത്തിൽ ചെറുവാഹനങ്ങളാണ് സൂക്ഷിച്ചിരുന്നതെങ്കിൽ പിന്നീട് ഇവിടെ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും സൂക്ഷിച്ചിരുന്നു.

തീപിടുത്തം നടക്കുന്ന ദിവസം ഏഴാം മൈലിൽ നിന്നും നിയമലംഘനത്തിന് പൊലിസ് പിടികൂടിയ രണ്ടു സ്വകാര്യബസുകളും ഇവിടെ സൂക്ഷിച്ചിരുന്നു. തീപടർന്നപ്പോൾ ഇവ മാറ്റിയതു കൊണ്ടു മാത്രമാണ് തീപിടിത്തത്തിൽ നിന്നും ഒഴിവാക്കാൻ കഴിഞ്ഞത്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിനെ തുടർന്ന് പൊലിസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ്വിവരം. നേരത്തെ തരിശായി കിടന്നിരുന്ന വെള്ളാരം പാറയിലെ ഡംപിങ് യാർഡിനു ചുറ്റുമുള്ള പ്രദേശമുള്ള റിയൽ എസ്റ്റേറ്റ് മാഫിയയുടെ കൈയിലാണ്. ഡംപിങ് യാർഡ് ഇവിടെ നിന്നും മാറ്റണമെന്നു ഇവർ ആവശ്യപ്പെട്ടിരുന്നു. നേരത്തെ എുതവണ ഇവിടെ തീപിടിത്തമുണ്ടായതായി പൊലിസ് തന്നെ പറയുന്നുണ്ട്. കിഴക്കുഭാഗത്തുനിന്നാണ് തീ ഡംപിങ് യാർഡിലേക്ക് വന്നതെന്നു ഫയർഫോഴ്സ് അന്വേഷണറിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വ്യാഴാഴ്‌ച്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ നാനൂറോളം വാഹനങ്ങളാണ് കത്തിനശിച്ചത്. വിവിധ കേസുകളിൽ ഉൾപ്പെട്ട് തളിപറമ്പ്, പഴയങ്ങാടി, പരിയാരം, ആലക്കോട്, മയ്യിൽ തുടങ്ങിയ സ്റ്റേഷനുകളിൽ പിടികൂടിയ നിരവധി വാഹനങ്ങളാണ് ഡംപിങ് യാർഡിലുണ്ടായിരുന്നത്. പരിസരത്ത് തീപിടിത്തമുണ്ടാകുന്നത് നിത്യസംഭവമാണെങ്കിൽ പോലും ഇതിനു മുന്നോടിയായി പൊലിസിന്റെ നേതൃത്വത്തിൽ സുരക്ഷാ മുൻകരുതലെടുത്തുവന്നൊണ് വിവരം.

പൊലിസിന്റെ നേതൃത്വത്തിൽ കാടുവെട്ടിത്തെളിച്ചു മുന്നേ തന്നെ ഫയർബെൽറ്റ് സ്ഥാപിച്ചതായി ഉദ്യോഗസ്ഥർ ഉപറയുന്നു. ഒന്നരമീറ്ററോളം വീതിയിലാണ് കാടുവെട്ടിത്തെളിച്ചു ഡംപിങ് യാർഡിന ചുറ്റു ഫയർബെൽറ്റ് സ്ഥാപിച്ചിരുന്നു. വാഹനങ്ങളിലെ പെട്രോൾ കത്തി പൊട്ടിത്തെറിച്ചതിനാൽ മണിക്കൂറുകളോളം പ്രദേശത്ത് കനത്ത പുക നിലനിന്നിരുന്നു. റോഡിന് ഇപ്പുറത്തെ പുല്ലുകൾക്കും തീപിടിച്ചത് പൊലിസ് അന്വേഷിക്കുന്നുണ്ട്. നാല് അഗ്നിരക്ഷാ നിലയത്തിൽ നിന്നും നാൽപതു പേരടങ്ങിയ ഏഴു യൂനിറ്റ് അഗ്നിരക്ഷാ ഉദ്യോഗസ്ഥാണ് തീപിടിത്തമുണ്ടായ സ്ഥലത്ത് എത്തിയത്. നാലുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നത്.

തുടർച്ചയായ തീപിടിത്തങ്ങൾ തളിപ്പറമ്പ് ഫയർസ്റ്റേഷന്റെ താളം തന്നെ തെറ്റിച്ചിരിക്കുകയാണ്. അറുപത്തിനാലാമത്തെ തീപിടിത്തമാണ് തളിപറമ്പ് ഫയർസ്റ്റേഷൻ പരിധിയിൽ നടക്കുന്നത്. കണ്ണൂർ ജില്ലയിൽ തന്നെ ഇരുന്നൂറ്റി അൻപതിനു മുകളിലാണ് തീപിടിത്തമുണ്ടായത്.അലക്ഷ്യമായി തീപിടിക്കുന്ന വസ്തുക്കൾ കൈക്കാര്യം ചെയ്യുന്നതാണ് അഗ്നിബാധയ്ക്കുകാരണമെന്നാണ് ഫയർഫോഴ്സ് പറയുന്നത്. കഴിഞ്ഞ ദിവസം മാടായി പാറയിലുണ്ടായ തീപിടിത്തതിൽ ഏക്കർകണക്കിന് സ്ഥലം കത്തിനശിച്ചിരുന്നു.തളിപറമ്പ് വെള്ളാരം പാറയിലെ തീപിടിത്തം സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് തളിപറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് നൗഷാദ് പൂതക്കണ്ടവും ജനറൽ സെക്രട്ടറി എൻ.യു ഷഫീഖും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.