ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ 50 ശതമാനം ഷട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാക്കി റെഗുലേഷന്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

ഈ വിഷയത്തില്‍ അടിയന്തിരപ്രാധാന്യത്തോടെ നടപടികള്‍ സ്വീകരിക്കണം. ആകെ 90 ഷട്ടറുകളുള്ള തണ്ണീര്‍മുക്കം ബണ്ടില്‍ നിലവില്‍ 28 ഷട്ടറുകള്‍ മാത്രമേ വേലിയേറ്റ വേലിയിറക്കവുമായി ബന്ധപ്പെട്ടുള്ള ജലക്രമീകരണങ്ങള്‍ക്കായി റെഗുലേറ്റ് ചെയ്യപ്പെടുന്നുള്ളൂ. 17 ഷട്ടറുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കി ആകെ ഷട്ടറുകളുടെ 50 ശതമാനത്തിലേക്ക് എത്തിക്കണം. റെഗുലേഷന്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഇറിഗേഷന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഉപദേശകസമിതി യോഗം ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് ചേരാനും യോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍ എ ഡി എം ആശ സി എബ്രഹാം, തണ്ണീര്‍മുക്കം കെ ഡി ഡിവിഷന്‍ എക്സി. എന്‍ജിനീയര്‍ സി ഡി സാബു, മേജര്‍ ഇറിഗേഷന്‍ എക്സി. എന്‍ജിനീയര്‍ എം സി സജീവ് കുമാര്‍, എല്‍എസ്ജിഡി ജോ. ഡയറക്ടര്‍ പ്രദീപ് കുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്‍ രാമകുമാര്‍, തണ്ണീര്‍മുക്കം മെക്കാനിക്കല്‍ വിഭാഗം എഇ എം ജംഷീദ്, കെ ഡി സബ് ഡിവിഷന്‍ എഇ പി എം ജിജിമോന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.