തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോളിൽ സെമി ഫൈനലിൽ എത്തിയ ഫ്രാൻസ് ടീമിനുള്ള അഭിനന്ദനം, കേരളം സന്ദർശിക്കുന്ന ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയിനെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വച്ചാണ് മുഖ്യമന്ത്രി ഫ്രഞ്ച് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്.

ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത ഫ്രാൻസ് അറിയിച്ചതായി ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. യുകെ കഴിഞ്ഞാൽ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ എത്തുന്നത് ഫ്രാൻസിൽ നിന്നാണ്.

സെപ്റ്റംബർ മാസത്തിൽ ഫ്രാൻസിൽ നടന്ന പാരിസ് ടോപ് റെസ ഫെയറിൽ പങ്കെടുത്തപ്പോൾ ആ രാജ്യം കേരളാ ടൂറിസത്തിന് നൽകിയ സ്വീകരണം മികച്ചതായിരുന്നു.ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും വടക്കൻ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളവുമായി സഹകരിക്കാനുള്ള ഫ്രാൻസിന്റെ സന്നദ്ധത ചരിത്രപരമായ ബന്ധപ്പെടുത്തൽകൂടിയാണ്.

കോവിഡിനു ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാരം തിരിച്ചെത്തുമ്പോൾ ഫ്രാൻസിൽ നിന്നും കൂടുതൽ സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുകയാണെന്ന മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.