ഇരിട്ടി: വന്യമൃഗ ശല്യത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കണ്ണൂരിലെ കർഷകൻ. കേളകം ചുങ്കക്കുന്ന് ഏലപീടികയിൽ കുരങ്ങുശല്യത്തിൽ പ്രതിഷേധിച്ച് കർഷകൻ മരത്തിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി.ഏലപീടിക സ്വദേശി സ്റ്റാൻലിയാണ് പെട്രോളുമായി മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കുരങ്ങുശല്യത്തിന് പരിഹാരം കാണണമെന്നാണ് കർഷകന്റെ ആവശ്യം.

ഞായറാഴ്‌ച്ച രാവിലെയാണ് സംഭവം.വീട്ടിലെ ഇലക്ട്രിക് വസ്തുക്കൾ, ആഹാര സാധനങ്ങൾ ഉൾപ്പെടെ കുരങ്ങന്മാർ നശിപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രശ്ന പരിഹാരത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായി സ്റ്റാൻലി പറയുന്നു. അവർ വീട്ടിലെത്തിയ ശേഷം നടത്തിയ പ്രതികരണം നിരാശപ്പെടുത്തുന്നതാണെന്ന് സ്റ്റാൻലി ആരോപിക്കുന്നു.കുരങ്ങുശല്യത്തിന് പരിഹാരം കാണുന്നതിന് പകരം അടച്ചുറപ്പുള്ള വീട് നിർമ്മിക്കാനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശമെന്ന് സ്റ്റാൻലി പറയുന്നു

വനംവകുപ്പ് ഉദ്യാഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സ്റ്റാൻലി ഇന്ന് വീടിന് തൊട്ടടുത്തുള്ള മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാതെ മരത്തിൽ നിന്ന് താഴേ ഇറങ്ങില്ലെന്നാണ് സ്റ്റാൻലി പറയുന്നത്.സംഭവ സ്ഥലത്ത് വൻ ജനകൂട്ടമെത്തിയിരുന്നു.കേളകം പൊലിസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിക്കുന്നുണ്ട്.വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.