- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തിരി തെളിയും ; ടോറി ആൻഡ് ലോകിത ഉദ്ഘാടന ചിത്രം; എട്ടു ദിനങ്ങളിലായി പ്രദർശിപ്പിക്കുക 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകൾ ; 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിന് മേള വേദിയാവും
തിരുവനന്തപുരം: 27 ാമത് ഐ.എഫ്.എഫ്.കെയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും .വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി മുഖ്യമന്ത്രി ആദരിക്കും.
ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. മികച്ച ഉപകരണസംഗീതജ്ഞനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം 15ാം വയസ്സിൽ തന്നെ നേടിയ പുർബയൻ ചാറ്റർജി ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തെ വിവിധ സംഗീതധാരകളുമായി സമന്വയിപ്പിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിൽ സിതാർ കച്ചേരി നടത്തിയിട്ടുണ്ട്.
സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആൻഡ് ലോകിത പ്രദർശിപ്പിക്കും. ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനമാണിത്. കഴിഞ്ഞ മെയിൽ നടന്ന കാൻ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും കാൻ 75ാം വാർഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർത്ഥികളായ ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.
ഡിസംബർ 9 മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും.
ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്രദർശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദർശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകൾ പങ്കെടുക്കും. 200 ഓളം ചലച്ചിത്രപ്രവർത്തകർ അതിഥികളായി പങ്കെടുക്കുന്ന മേളയിൽ 40 ഓളം പേർ വിദേശരാജ്യങ്ങളിൽനിന്നുള്ളവരാണ്.
തൽസമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അൻപതു വർഷം പൂർത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദർശനം, തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദർശനം എന്നിവയും മേളയിൽ ഉണ്ടായിരിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും.
രജത ചകോരത്തിന് അർഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആർ.മോഹനൻ എൻഡോവ്മെന്റ് അവാർഡിന് അർഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.
ജർമ്മൻ സംവിധായകൻ വീറ്റ് ഹെൽമർ ചെയർമാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചൽ സംഗാരി, സ്പാനിഷ് - ഉറുഗ്വൻ സംവിധായകൻ അൽവാരോ ബ്രക്നർ, അർജന്റീനൻ നടൻ നഹൂൽ പെരസ് ബിസ്‌കയാർട്ട്, ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്നത്.
ജർമ്മനിയിലെ ചലച്ചിത്ര നിരൂപക കാതറിന ഡോക്ഹോൺ ചെയർപേഴ്സൺ ആയ ജൂറി ഫിപ്രസ്‌കി അവാർഡുകളും ഇന്ദു ശ്രീകെന്ത് ചെയർപേഴ്സൺ ആയ ജൂറി നെറ്റ്പാക് അവാർഡുകളും എൻ. മനു ചക്രവർത്തി ചെയർമാൻ ആയ ജൂറി എഫ്.എഫ്.എസ്‌ഐ കെ.ആർ. മോഹനൻ അവാർഡുകളും നിർണയിക്കും.
മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് എല്ലാ ദിവസവും രാത്രി 8.30ന് കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. മുൻനിര മ്യൂസിക് ബാൻഡുകളുടെ സംഗീതപരിപാടി, ഗസൽ സന്ധ്യ, ഫോക് ഗാനങ്ങൾ, കിഷോർ കുമാറിനും ലതാ മങ്കേഷ്‌കറിനുമുള്ള സംഗീതാർച്ചന എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൺമറഞ്ഞ ചലച്ചിത്രപ്രവർത്തകരുടെ സംഭാവനകൾ ചരിത്രപരമായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ജോൺപോൾ, കെ.പി.എ.സി ലളിത, പ്രതാപ് പോത്തൻ എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും.




