തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായ ഉയരുന്നതുമായ സാഹചര്യത്തിൽ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുവാൻ സാധ്യതയുള്ളതിനാൽ 2025 ഫെബ്രുവരി 11 മുതൽ മെയ്‌ 10 വരെ ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ ജോലി സമയം പുനക്രമീകരിച്ചു കൊണ്ട് ലേബർ കമ്മിഷണർ ഉത്തരവ് ഇറക്കി.

തൊഴിലാളികളുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി കുറച്ചതായും അറിയിച്ചു. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്കു ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിച്ചിട്ടുണ്ട്

അതേസമയം, സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകൾക് ഈ ഉത്തരവ് ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി. അതുപോലെ പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ എല്ലാം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.