തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു.ഉത്തരവിന്റെ പകർപ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.ഇതര സംസ്ഥാനങ്ങളുടെ ബസുകളിലും പരസ്യം പതിക്കാറുണ്ട്.പരസ്യയിനത്തിൽ കെഎസ്ആർടിസിക്ക് വർഷം ഒരു കോടി 80 ലക്ഷം രൂപ ലഭിച്ചിരുന്നെന്നും മന്ത്രി അറിയിച്ചു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് വരുമാന നഷ്ടമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർകോഡ് നടപ്പിലാക്കുന്നതിൽ സാവകാശം നൽകേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാരെന്നാണ് ആന്റണി രാജു വ്യക്തമാക്കുന്നത്. നിയമപരമായി പ്രവർത്തിക്കുന്നവർക്ക് ആശങ്കയുണ്ടാകേണ്ട കാര്യമില്ല. നിയമ ലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബസ് ഉടമകളെ വേട്ടയാടുന്നു എന്ന പരാതിയിൽ വസ്തുതയില്ല. ഇരുചക്രവാഹനങ്ങളുടെ കാര്യത്തിലും പരിശോധന കർശനമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നാണ് ഇന്നലെ ഹൈക്കോടതി പറഞ്ഞത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആർടിസി ബസുകളിലെ അധിക ഫിറ്റിങ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കർശന നടപടി വേണമെന്നും പറഞ്ഞു.