കൊച്ചി: മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം താത്കാലികമായി നിർത്തിവെച്ചു. രക്ഷാദൗത്യം വൈകിയതിനെത്തുടർന്നുണ്ടായ കനത്ത ഗതാഗതക്കുരുക്കാണ് ദൗത്യം നിർത്തിവെക്കാൻ കാരണമായത്. രാത്രി 11.30ക്ക് ശേഷം ദൗത്യം വീണ്ടും പുനരാരംഭിക്കും. പകരം വാഹനം എത്തിച്ചതിന് ശേഷം മാത്രമേ ദൗത്യം പുനഃരാരംഭിക്കാന്‍ കഴിയൂ. 'ഓപ്പറേഷൻ മ്യാവു' എന്ന് പേരിട്ട ഈ രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്‌സും അനിമൽ റെസ്‌ക്യു സംഘവും സ്ഥലത്തെത്തിയിരുന്നു. ദൗത്യത്തിനായി നിർത്തിവെച്ചിരുന്ന കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു.

മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കുന്നതിനാണ് സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചത്. പൂച്ച അവശനിലയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ഉടനടി നടത്താൻ നടപടിയുണ്ടായത്. മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് പൂച്ചയെ രക്ഷിക്കാനായിരുന്നു അധികൃതർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, അവശനിലയിലുള്ള പൂച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം ഉടൻ നടത്തണമെന്ന് ആവശ്യം ശക്തമായി.

ഇതിനെത്തുടർന്ന് മൃഗസ്നേഹികളും രക്ഷാപ്രവർത്തന സംഘവും സ്ഥലത്ത് പ്രതിഷേധം നടത്തുകയും ചെയ്തു. തുടർന്ന് മെട്രോ സർവീസുകൾ നിർത്തിവെച്ച് പകൽ സമയത്ത് തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. നിലവിൽ ഗാന്ധിനഗറിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രക്ഷാദൗത്യം തടസപ്പെട്ടു. പകരം പുതിയ ലിഫ്റ്റ് എത്തിച്ചാണ് രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. നേരത്തെ, 385-ാം നമ്പർ പില്ലറിന് സമീപത്ത് ആദ്യം പരിശോധന നടത്തിയെങ്കിലും പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ തിരച്ചിലിനൊടുവിലാണ് പൂച്ചയെ പില്ലറിൽ കണ്ടെത്തിയത്.