താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് സംഭവം. ഇന്ന് രാവിലെ 10.15 ലോടെയാണ് അപകടം.

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനാണ് തീ പിടിച്ചത്. ട്രാവലറിൽ നിന്നും പുക ഉയർന്നപ്പോൾ 17 ഓളം യാത്രക്കാർ വാഹനത്തിലുണ്ടായിരുന്നു. ആറാം വളവിലെത്തിയപ്പോൾ വാഹനത്തിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ വാഹനത്തിന്റെ ഡ്രൈവർ സഞ്ചാരികളെ വാഹനത്തിൽ നിന്നും പുറത്തിറക്കി.

ഇതിനാൽ വലിയ അപകടം ഒഴിവായി. പിന്നാലെ വാഹനത്തിൽ നിന്നും തീ ഉയരുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ വാഹനത്തെ മുഴുവനായും തീ വിഴുങ്ങി. കല്പറ്റയിൽ നിന്നും മുക്കത്ത് നിന്നും ഫയർഫോഴ്‌സ് സംഘം സംഭവ സ്ഥലത്തെത്തി. താമരശ്ശേരി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തുടരുന്നു.