മലപ്പുറം: നിറമരുതൂർ പഞ്ചായത്തിൽ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണർ പൂർണ്ണമായും ഇടിഞ്ഞുതാഴ്ന്നു. പത്തമ്പാട് പാണർതൊടുവിൽ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ ഏഴ് മീറ്ററോളം ആഴമുള്ള കുടിവെള്ള കിണറാണ് വ്യാഴാഴ്ച രാവിലെ അപ്രത്യക്ഷമായത്. ഇതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലായി.

വ്യാഴാഴ്ച രാവിലെ വീട്ടുകാർ വെള്ളം കോരിയ കിണർ പത്തുമണിയോടെ പുറത്തിറങ്ങി നോക്കിയപ്പോൾ കാണാതാവുകയായിരുന്നു. കിണർ നിന്ന സ്ഥലത്ത് വലിയൊരു ഗർത്തം മാത്രം അവശേഷിച്ചതോടെ വീട്ടുകാർ പരിഭ്രാന്തരായി. ഈ അസാധാരണ പ്രതിഭാസം സമീപത്തെ വീടുകൾക്കും ഭീഷണിയുയർത്തുന്നുണ്ട്. കിണർ ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് അയൽവാസിയായ വരിക്കോടത്ത് ഷാജിദിന്റെ വീടിന്റെ മതിലിനും കിണറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വിവരമറിഞ്ഞതിനെ തുടർന്ന് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീട്ടുകാരും നാട്ടുകാരും ഉടൻതന്നെ പഞ്ചായത്തിലും ജിയോളജി വകുപ്പിലും വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ജിയോളജി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലയിൽ, ഇടിഞ്ഞുതാഴ്ന്ന കിണർ പൂർണ്ണമായും മണ്ണിട്ട് നികത്തി. പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ജിയോളജി വകുപ്പിന്റെ വിദഗ്ദ്ധ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.