കോഴിക്കോട്: കോഴിക്കോട് മാവൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചത് കടം വാങ്ങിയ 2000 രൂപ തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാവൂർ സ്വദേശിയായ സൽമാൻ ഫാരിസ് എന്ന യുവാവിനാണ് തോളിലും വാരിയെല്ലിലുമായി കുത്തേറ്റത്. ഇയാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തുക്കളായ സവാദ്, അനസ് എന്നിവരെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. സൽമാൻ ഫാരിസും പ്രതികളായ സവാദും അനസും തമ്മിൽ 2000 രൂപയുടെ സാമ്പത്തിക ഇടപാട് നടന്നിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായത്. വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് മാറുകയും പ്രതികൾ സൽമാൻ ഫാരിസിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇരുവരെയും പിടികൂടാനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.