കോഴിക്കോട്: മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ പിടിയിലായ യുവാവിന് വടകര എൻഡിപിഎസ് കോടതി 10 വർഷം കഠിന തടവും 1,20,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് മാറാട് സ്വദേശി തെക്കേപ്പുറത്ത് ഹംസ മൻസിലിൽ റിനീഷ് (26) ആണ് ശിക്ഷിക്കപ്പെട്ടത്. വടകര എൻഡിപിഎസ് കോടതി ജഡ്ജി വി.ജി. ബിജുവാണ് വിധി പ്രസ്താവിച്ചത്.

2018 ഡിസംബർ 28-ന് കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിന്റെ പിൻഭാഗത്തുള്ള വഴിക്കുവെച്ചാണ് റിനീഷിനെയും കൂട്ടാളിയെയും പോലീസ് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 358 ഗ്രാം ഹാഷിഷ് ഓയിലും 16 ഗ്രാം തൂക്കം വരുന്ന എൽഎസ്ഡി അടങ്ങിയ നാല് ഷുഗർ ക്യൂബുകളും കണ്ടെടുത്തു.

റിനീഷിനൊപ്പം പിടിയിലായ മറ്റൊരാൾ ജാമ്യത്തിലിറങ്ങി മുങ്ങിയതിനാൽ, കേസ് പിന്നീട് പരിഗണിക്കും. പിഴയടച്ചില്ലെങ്കിൽ പ്രതിക്ക് എട്ട് മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. നടക്കാവ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി ഇ.വി. ലിജീഷ് ഹാജരായി.