ഇരിട്ടി: കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ആറളം പഞ്ചായത്തിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. അമ്പലക്കണ്ടിയിലാണ് സംഭവം. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ മോഷ്ടാവ് തള്ളിക്കൊണ്ടുപോയെങ്കിലും താക്കോലില്ലാത്തതിനാൽ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്. ബൈക്കുകൾക്ക് പുറമെ, ഇതേ വീട്ടുമുറ്റത്തുണ്ടായിരുന്ന ഒരു ഗുഡ്സ് ഓട്ടോറിക്ഷയുടെ ചില്ലുകളും അക്രമി തകർത്തിട്ടുണ്ട്. രണ്ടാഴ്ച മുൻപും പ്രദേശത്ത് സമാനമായ രീതിയിൽ ഇരുചക്രവാഹന മോഷണശ്രമം നടന്നിരുന്നു.

അമ്പലക്കണ്ടി പുഴയോരത്ത് കേന്ദ്രീകരിച്ച് മദ്യപ-മയക്കുമരുന്ന് സംഘങ്ങൾ തമ്പടിക്കുന്നതായി നാട്ടുകാർ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. പ്രദേശത്ത് വർധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ ശല്യം തങ്ങളുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുന്നതായി ഇവർ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരാനും ആറളം പോലീസിൽ ഔദ്യോഗികമായി പരാതി നൽകാനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.