കണ്ണൂർ: കണ്ണൂർ നഗരത്തിലെ ആശുപത്രികളിൽ വേഷം മാറിയെത്തി മോഷണം നടത്തിയ പ്രതി പിടിയിൽ. പാപ്പിനിശേരി ഇല്ലിപ്പുറം സ്വദേശി ഷാംല മൻസിലിൽ ഷൗക്കത്തലിയെ (47)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായസി.എച്ച് നസീബ്, സബിയ സച്ചി, എ എസ്‌ഐ.നാസർ,ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് പ്രസവ ശുശ്രൂഷക്ക്ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മുറിയിൽ സൂക്ഷിച്ച സ്വർണ്ണവും പണവുമടങ്ങിയ ബേഗ് പ്രതി കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെകണ്ണൂർ കൊയിലി ആശുപത്രിയിലെ 404 നമ്പർ മുറിയിലായിരുന്നു സംഭവം.

കണ്ണൂർ തയ്യിൽ മൈതാപ്പള്ളിയിലെ ഐ ക്കൊടിച്ചി ഹൗസിൽ നാസറിന്റെ മകളുടെ ഒന്നരപവന്റെ ആഭരണവും 11,000 രൂപയും ആധാർ കാർഡു മടങ്ങിയ ബാഗ് ആണ് കവർന്നത്. കഴുത്തിലും കൈക്കും ബാൻഡേജ് കെട്ടി മറച്ച മോഷ്ടാവാണ് മുറിയിൽ കയറി മോഷണം നടത്തി മുങ്ങിയത്. രാവിലെ ബേഗ് നഷ്ടപ്പെട്ട വിവരം യുവതി ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് ടൗൺ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് ബാൻഡേജ് കെട്ടി വേഷം മാറിയെത്തിയ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചത്.തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് ഇയാൾ എ.കെ.ജി.ആശുപത്രിയിലും സമാനമായ രീതിയിൽ മോഷണം നടത്തി രക്ഷപ്പെട്ടിരുന്നു. കണ്ണൂർ നഗരത്തിലെ ആശുപത്രികൾ കേന്ദ്രീകരിച്ചു രോഗികളെയും കൂട്ടിരിപ്പുകാരെയും ഇയാൾ കൊള്ളയടിക്കുക പതിവാണെന്ന് പൊലീസ് പറഞ്ഞു.