കോഴഞ്ചേരി: ആറന്മുള ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള അഷ്ടമിരോഹിണി വള്ളസദ്യക്കും ദർശനത്തിനുമായെത്തിയ വീട്ടമ്മയുടെ പണവും രേഖകളുമടങ്ങിയ പഴ്സ് കവർന്ന രണ്ട് നാടോടിസ്ത്രീകൾ പിടിയിൽ. അയിരൂർ കൈതക്കോടി മൂക്കന്നൂർ കുടത്തിനാൽ വീട്ടിൽ രാജൻ നായരുടെ ഭാര്യ അംബിക (55) യുടെ തോളിൽ തൂക്കിയിട്ട ബാഗിന്റെ സിബ് തുറന്ന് 9200 രൂപയും പഴ്സും മോഷ്ടിച്ചത്. ആധാർ കാർഡ് അടക്കമുള്ള രേഖകൾ പഴ്സിലുണ്ടായിരുന്നു. സംശയം തോന്നി ആളുകൾ തടഞ്ഞുവച്ച നാടോടി സ്ത്രീകളെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആന്ധ്രാപ്രദേശ് രാജാപ്പള്ളി സ്വദേശിനികളായ മഞ്ജു (58), ഹേമ (38) എന്നിവരാണ് പിടിയിലായത്. രേഖകൾ വച്ചിരുന്ന പേഴ്സ് പ്രതികളിൽ നിന്നും കണ്ടെടുത്തു. ഇവ വീട്ടമ്മയെ കാണിച്ച് തിരിച്ചറിയുകയും ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് ക്ഷേത്രദർശനം കഴിഞ്ഞ് അഷ്ടമി രോഹിണി വള്ളസദ്യക്ക് വരി നിൽക്കുമ്പോഴാണ് മോഷ്ടിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ഒന്നാം പ്രതി മഞ്ജുവാണ് ബാഗ് തുറന്നത്, രണ്ടാം പ്രതി പണവും മറ്റുമടങ്ങിയ പഴ്സ് മോഷ്ടിച്ചു. പ്രതികളുടെ യഥാർത്ഥ പേരും മേൽവിലാസവും തിരിച്ചറിഞ്ഞിട്ടില്ല.

പൊലീസിനോട് പറഞ്ഞ വിലാസം ശരിയാണോയെന്ന് പരിശോധിച്ചറിയേണ്ടതുണ്ട്. മോഷ്ടിച്ച പണവും കണ്ടെത്തണം. കൂട്ടുപ്രതികളുണ്ടോ, ഇതര സംസ്ഥാനക്കാരായ ഇവർ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ പറ്റിയും മറ്റും വിശദമായ അന്വേഷണം നടത്തേണ്ടതുമുണ്ട്.

പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ, ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ് ഐമാരായ എ അലോഷ്യസ്, ജയൻ, എസ് സി പി ഓ നാസർ, സി പി ഓമാരായ മുബാറക്, അപർണ, ബിയാൻസ, വിനോദ് എന്നിവരാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയത് അന്വേഷണം തുടരും.