പത്തനംതിട്ട: തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പുറംപണിക്കു നിന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് കൈപ്പട്ടൂര്‍ താളാട്ടുശ്ശേരില്‍ ശേഖരന്‍ എന്ന കെ. രാമചന്ദ്രന്‍ (56) ആണ് പിടിയിലായത്. കൈപ്പട്ടൂര്‍ പുത്തന്‍ പുരക്കല്‍ ഗ്രേസി മാത്യു (75) വിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇവിടെ പുറംപണിക്കു നിന്ന പ്രതി ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 10,250 രൂപയും, വയോധികയുടെ തിരിച്ചറിയല്‍ കാര്‍ഡും മോഷ്ടിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. എസ്.ഐമാരായ എസ്. ഷിബു, കെ.ആര്‍. എന്നിവരാണ് തുടര്‍ നടപടി സ്വീകരിച്ചത്.

സമാനരീതിയില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മോഷ്ടാക്കളുടെ ലിസ്റ്റ് തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. രാമചന്ദ്രനെ പന്തളം ഇടപ്പോണില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ദേഹപരിശോധനയില്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും വയോധികയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചു. മുഴുവന്‍ പണവും ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.