പത്തനംതിട്ട: തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി മോഷണം നടത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ ചമ്പക്കുളം തായങ്കരി കണ്ണാട്ട് വീട്ടില്‍ രതീഷ് (29) ആണ് പോലീസിന്റെ പിടിയിലായത്. 20 ന് രാത്രിയോടെ മോഷണത്തിനായി എത്തിയ പ്രതി വീടിനോട് ചേര്‍ന്നുളള ഔട്ട്ഹൗസിന്റെ പൂട്ട് കുത്തിത്തുറക്കുകയും സി.സി.ടി.വി.കാമറ നശിപ്പിക്കുകയുമായിരുന്നു.

വീടിന് പുറത്ത് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുടമ ഫോണില്‍ ദൃശ്യങ്ങള്‍ നോക്കിയപ്പോള്‍ മോഷ്ടാവിനെ കണ്ടു. വിവരം അയല്‍വാസികളെ വിളിച്ചറിയിച്ചു. അവര്‍ വെളിച്ചം തെളിച്ച് ഓടിയെത്തിയപ്പോള്‍ പ്രതി കടന്നു കളഞ്ഞു. പിന്നീട് വാഴമുട്ടം മാര്‍ ബഹനാന്‍ ഓര്‍ത്തോഡോക്സ് വലിയ പള്ളിയുടെ സെന്റ് ഗ്രിഗോറിയോസ് കുരിശടിയുടെ വഞ്ചി കുത്തി പൊളിച്ച് മോഷണം നടത്തി. വാഴമുട്ടം കരോട്ട് പുത്തന്‍വീട്ടില്‍ ഏലിയാമ്മ വര്‍ഗീസിന്റെ (62) വീട്ടിലെ സി.സി.ടി.വി.ക്യാമറ നശിപ്പിക്കുകയും ഔട്ട്ഹൗസിന്റെ പൂട്ട് കുത്തിത്തുറക്കുകയും ചെയ്തു. എസ്.ഐമാരായ കെ.ആര്‍. രാജേഷ് കുമാര്‍, ഷിജു പി. സാം എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അഴൂരില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അയ്യൂബ് ഖാന്‍,സിവില്‍പോലീസ് ഓഫീസര്‍മാരായ പ്രശാന്ത്, അഷര്‍ എന്നിവരും ഉണ്ടായിരുന്നു. പാലക്കാട്, വാളയാര്‍ പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ മോഷണത്തിന് കേസുണ്ട്.