ഇരിട്ടി: കഴിഞ്ഞ ദിവസം ഇരിട്ടിക്ക് കല്ലു മുട്ടിക്ക് സമീപം ഡോക്ടറുടെ വീട്ടില്‍ മോഷണം നടത്തിയ 17 വയസുകാരനെരണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മണിക്കടവ് സ്വദേശിയാണ് പിടിയിലായത് . ഇരിട്ടി ഭാഗത്തെ വഴിയോര കടയില്‍ ജോലി ചെയ്തിരുന്ന പ്രതി തന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി മാറ്റാന്‍വേണ്ടിയായിരുന്നു മോഷണം നടത്തിയതെന്നാണ് പൊലിസിന് നല്‍കിയ മൊഴി.

വീട്ടുകാര്‍ ജോലിക്ക് പോയസമയത്ത് വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി എട്ടു പവനും 18000 രൂപയും കവര്‍ച്ച നടത്തുകയായിരുന്നു. പ്രതിയെ ഇരിട്ടി എസ് എച്ച് ഒ എ. കുട്ടികൃഷ്ണനും, ഇരട്ടി ഡി വൈ എസ് പി ധനഞ്ജയ ബാബുവിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ചേര്‍ന്ന പിടികൂടി. രണ്ട് ദിവസം മുന്‍പ് രാവിലെ 7:30 ക്കും ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇടയിലാരുന്നു മോഷണം നടന്നത്.

പൊലീസിന്റെ കൃത്യമായ ഇടപെടല്‍ കളവ് നടന്ന് രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെയും തൊണ്ടി മുതലകളും കണ്ടെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ ഇരിട്ടി എസ്ഐ കെ. ഷറഫുദ്ദീന്‍ എസ് ഐ അശോകന്‍, എ എസ് എന്‍.എസ്. ബാബു , സി പി ഒ പ്രവീണ്‍ ഊരത്തൂര്‍, ഇരിട്ടി ഡിവൈഎസ്പി സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എ. എം. ഷിജോയ് , കെ.ജെ. ജയദേവ് എന്നിവരും ഉണ്ടായിരുന്നു.

സമീപവാസിയുടെ മൊഴിയില്‍ നിന്നും ലഭിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ അന്വേഷിച്ച പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കുട്ടികള്ളനെ പിടികൂടുന്നത് . ഫിംഗര്‍പ്രിന്റ് , ഡോഗ് സ്‌ക്വാഡ് സംഘവും കളവ് നടന്ന വീട്ടില്‍ പരിശോധന നടത്തിയിരുന്നു.