തിരുവനന്തപുരം: വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറി 13 ലക്ഷം രൂപയോളം വിലയുള്ള സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പുല്ലുവിള സ്വദേശി വർഗീസ് ക്രിസ്റ്റി (29) ആണ് ഒരു മാസത്തെ തിരച്ചിലിനൊടുവിൽ പോലീസ് പിടിയിലായത്. ഇയാൾക്കെതിരെ സമാനമായ മറ്റ് 11 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

സെപ്റ്റംബർ 4ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കരുംകുളം കൊച്ചുപള്ളിയിലുള്ള ഒരു വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ തകർത്താണ് പ്രതി അകത്തുകടന്നത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നുമാല, ആറു വള, മൂന്നു ബ്രേസ്ലറ്റ്, മൂന്നു കൊലുസ്, ഒരു നെക്ലസ്, ആറു മോതിരം, അഞ്ചു കമ്മൽ എന്നിവയാണ് മോഷ്ടാവ് കൊണ്ടുപോയത്. ആകെ 164 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്.

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ചന്ദ്രദാസ്, കാഞ്ഞിരംകുളം എസ്.എച്ച്.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.