കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന കേസുകളിലും ബൈക്ക് മോഷ്ടിച്ച കേസിലും രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല എൽതുരുത്ത് നെല്ലിപറമ്പിൽ വീട്ടിൽ പ്രവീൺ (22), ശാന്തിപുരം പള്ളിനട കരിനാട്ട് വീട്ടിൽ അഖിൽ (32) എന്നിവരാണ് പിടിയിലായത്. റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ക്ഷേത്രഭണ്ഡാര മോഷണക്കേസുകളിൽ പ്രതിയായ പ്രവീണിനെ പിടികൂടിയത്.

കൊടുങ്ങല്ലൂരിലെ കാര ശ്രീകൃഷ്ണ മാരുതി ക്ഷേത്രത്തിലെയും പടാകുളം ഉഴവത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിലെയും ഭണ്ഡാര മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവീണിന്റെ അറസ്റ്റ്. ജനുവരി 15-ന് പുലർച്ചെ കാര ശ്രീകൃഷ്ണ മാരുതി ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ചുകയറിയ പ്രതി ക്ഷേത്രത്തിനകത്തും പുറത്തുമായി സ്ഥാപിച്ചിരുന്ന മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് ഏകദേശം 10,000 രൂപ കവർന്നിരുന്നു. സമാനമായ രീതിയിൽ ജനുവരി 25-ന് പടാകുളം ഉഴവത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഭണ്ഡാരവും കുത്തിത്തുറന്ന് ഇയാൾ മോഷണം നടത്തി.

പ്രവീൺ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കൊടുങ്ങല്ലൂർ ബൈപാസ് റോഡിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലാണ് അഖിലിനെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മാസത്തിൽ കൊടുങ്ങല്ലൂർ ബൈപാസ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. അഖിൽ മറ്റ് മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.