മലപ്പുറം: യുവതിയിൽ നിന്ന് ആറ് പവൻ സ്വർണവും 52,000 രൂപയും തട്ടിയെടുത്ത കേസിൽ ബധിരരും മൂകരുമായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി അരപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദ് (26), ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കൽ ബാസിൽ (28) എന്നിവരാണ് പിടിയിലായത്. ചാലിശ്ശേരി പോലീസാണ് പ്രതികളെ പിടികൂടിയത്.

കേൾവിയും സംസാരശേഷിയും ഇല്ലാത്ത പ്രതികൾ, തങ്ങളുടെ ശാരീരികാവസ്ഥ മറയാക്കി യുവതിയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിന്തുടരുകയുമായിരുന്നു.

പോലീസ് പിന്തുടർന്നപ്പോൾ പ്രതികൾ തങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും, ഇവരാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ കവർച്ച നടന്നതായി സമ്മതിക്കുകയായിരുന്നു. പ്രതികളിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ വിറ്റ കടയിൽ നിന്ന് പോലീസ് കണ്ടെടുത്തു. മുഹമ്മദ് റാഷിദിനെതിരെ നേരത്തെ തിരൂർ പോലീസ് സ്റ്റേഷനിൽ സമാനമായ കേസുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.