കൊച്ചി: പോലീസ് സ്റ്റേഷനില്‍ സാധനങ്ങള്‍ തല്ലി തകര്‍ത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികള്‍. അമ്പലമേട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്കപ്പും മേശയുടെ ഗ്ലാസും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതികള്‍ നശിപ്പിച്ചത്. കരിമുകള്‍ സ്വദേശികളായ അജിത്ത് ഗണേശന്‍ (28), അഖില്‍ ഗണേശന്‍ (26) ആദിത്യന്‍ (23) എന്നിവരാണ് സ്റ്റേഷനുള്ളില്‍ പരാക്രമം നടത്തിയത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ മോഷണക്കേസില്‍ പിടിയിലായത്.

തുടര്‍ന്ന് ഇവരെ സ്റ്റേഷനില്‍ എത്തിച്ചു. ലോക്കപ്പിലാക്കിയ ഇവര്‍ ഉള്ളിലെ പെപ്പും ഗ്രില്ലുകളും തകര്‍ത്തുവെന്ന് പോലീസ് പറഞ്ഞു. മേശയുടെ മുകളിലെ ലാപ്‌ടോപ്പും ഗ്രാസും ഇവര്‍ തകര്‍ത്തു. 30,000 രൂപയലധികം നാശനഷ്ടം സംഭവിച്ചതായി എസ്പി പിവി ബേബി പറഞ്ഞു.

കൂടാതെ വനിതാ പൊലീസുകാരോടു മോശമായി പെരുമാറുകയും ബക്കറ്റിലെ വെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തതായും ആരോപണമുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്കു കൊണ്ടു പോകാന്‍ വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. അതേസമയം പ്രതികളുടെ ബന്ധുക്കള്‍ വാഹനം തടയാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കി.

അടഞ്ഞ് കിടന്നിരുന്ന ഫ്‌ളാറ്റില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടുന്നത്. പ്രതികളില്‍ ഒരാളായ അഖില്‍ 18 കേസുകളില്‍ പ്രതിയാണ്. ഒരു വര്‍ഷം മുന്‍പാണു കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. അജിത്ത് 14 കേസില്‍ പ്രതിയാണ്. ഇരുവരും സഹോദരങ്ങളാണ്. ജന്മദിനാഘോഷത്തിനു പോയപ്പാഴാണു പൊലീസ് ഇവരെ പിടിച്ചതെന്നും ക്രൂരമായി മര്‍ദിച്ചുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് വാന്‍ ഡ്രൈവറുടെ കഴുത്തില്‍ പ്രതികഹ വിലങ്ങുകൊണ്ട് മുറുക്കിയതിന് ഇവര്‍ക്കെതിരെ നരഹത്യക്കും കേസെടുത്തിട്ടുണ്ട്. കുറ്റകരമായ നരഹത്യാശ്രമം ചുമത്തിയാണ് കേസ്. കൂട്ടുപ്രതിയായ ആദിത്യനെ ലോക്കപ്പില്‍ വച്ച് ആക്രമിച്ച ശേഷം പൊലീസുകാര്‍ മര്‍ദിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു.