പാലക്കാട്: സ്വർണമെന്നു കരുതി വീട്ടിൽനിന്ന് മുക്കുപണ്ടങ്ങൾ കവർന്ന മോഷ്ടാക്കൾക്ക് പാലക്കാട് പരുതൂരിൽ വൻ അമളി പറ്റി. കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാന്റെ വീട്ടിലാണ് ഈ കവർച്ച നടന്നത്.

വീടിന്റെ അടുക്കള ഭാഗത്തെ ഗ്രിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളാണ് സ്വർണമെന്ന് തെറ്റിദ്ധരിച്ച് കൈക്കലാക്കിയത്. മോഷ്ടാക്കൾ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെ തുടർന്ന് മുജീബ് റഹ്മാൻ തൃത്താല പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.