തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷന് കീഴിലുള്ള മദ്യ വിൽപ്പനശാലകളിൽ നിന്നും മദ്യം മോഷണം പോകുന്നത് പതിവാകുന്നു. ബവ്‌കോയുടെ പ്രീമിയം കൗണ്ടറുകളിൽ നിന്നുമാണ് ഏറ്റവുമധികം മദ്യം മോഷണം പോകുന്നത്. രണ്ടു മാസത്തിനിടെ വിവിധ ഔട്ലെറ്റുകളിൽ നിന്നായി 42,868 രൂപയുടെ മദ്യം മോഷ്ടിക്കപ്പെട്ടു. 36 കേസുകളാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്.

മോഷ്ടാക്കൾക്ക് ഏറ്റവും പ്രിയമുള്ള ബ്രാൻഡുകൽ ജവാനും ബെക്കാർഡിയുമാണ്.ഇവയാണ് എറ്റവും കൂടുതൽ മോഷണം പോയത്.സംഭവത്തിൽ ബവ്‌കോ പരാതി നൽകുന്നതിനു പകരം അതത് ഔട്ലെറ്റുകളാണ് കേസുമായി മുന്നോട്ടു പോകുന്നത്.മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പല ഔട്ലെറ്റുകളും പരാതി നൽകിയിരിക്കുന്നത്.

ചേർത്തല ഔട്ലെറ്റിൽ നിന്നുമാത്രം 8900 രൂപയുടെ മദ്യമാണ് മോഷണം പോയത്.വനിതാ ജീവനക്കാരുള്ള ഔട്ലെറ്റുകളിലാണ് മോഷണം കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഇവിടങ്ങളിൽ വേണ്ട രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് മോഷ്ടാക്കൾക്ക സഹായമാകുന്നത്.

വിതരണശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രീമിയം കൗണ്ടറുകൾ എന്ന ആശയത്തിലേക്ക് ബവ്‌കോ മാറിയത്.എന്നാൽ മദ്യം സ്വയം തെരഞ്ഞെടുക്കാവുന്ന ഈ കൗണ്ടറുകളാണ് ഇപ്പോൾ ബവ്‌കോയ്ക്ക് തലവേദനയായി മാറിയിരിക്കുന്നത്.