തിരുവല്ല: മോഷ്ടിച്ച വൈദ്യുതി കമ്പികൾ ആക്രിക്കടയിൽ വിൽക്കാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിലൂടെ പിടിയിലായി. മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തലവടി നടുവിലെ മുറി പാപ്പനംവേലിൽ വീട്ടിൽ ഓമനക്കുട്ടൻ (62) ആണ് പിടിയിലായത്.

ഞായറാഴ്ച രാവിലെ ഏഴരയോടെ നെടുമ്പ്രം പുത്തൻകാവ് ദേവിക്ഷേത്രത്തിന് സമീപമുള്ള ആക്രിക്കടയിലാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ രണ്ട് കെട്ട് വൈദ്യുതി കമ്പികളുമായി ഓമനക്കുട്ടൻ സൈക്കിളിൽ ആക്രിക്കടയിലെത്തി. ചാക്കിൽ രഹസ്യമായി കമ്പികൾ സൂക്ഷിച്ച നില കണ്ടതോടെ സംശയം തോന്നിയ നാട്ടുകാർ വാർഡ് മെമ്പർ ജിജോ ചെറിയാനെ വിവരമറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ ജിജോ ചെറിയാനും നാട്ടുകാരും ചേർന്ന് മോഷ്ടാവിനെ തടഞ്ഞുവെച്ചു. തുടർന്ന് പുളിക്കിഴ് പൊലീസിനെയും കെ.എസ്.ഇ.ബി. മണിപ്പുഴ സെക്ഷനെയും വിവരം അറിയിച്ചു. ഈ സമയം നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഓമനക്കുട്ടൻ ഓടി രക്ഷപ്പെടുകയും സമീപത്തെ ആളൊഴിഞ്ഞ വീടിന് പിന്നിൽ ഒളിച്ചുതാമസിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ പുളിക്കിഴ് എസ്.ഐ. കുരുവിള സക്കറിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തി. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.