കണ്ണൂര്‍: പട്ടാപ്പകല്‍ ഹൊസ്ദുര്‍ഗിലെ രാജേശ്വരി മഠത്തില്‍ നിന്നും ചെമ്പു ഭണ്ഡാരവും പണവുംവലം പിരി ശംഖും കവര്‍ന്ന മോഷ്ടാവ് പയ്യന്നൂരില്‍പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് വെള്ളരിക്കുണ്ട് ബളാല്‍ സ്വദേശി ചേവിരിവീട്ടില്‍ ഹരീഷിനെ (48) യാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ എസ്.ഐ.പി.വി.രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. ഈ മാസം ഒന്നിനു വൈകുന്നേരം മൂന്നര മണിക്കാണ് മോഷണം നടന്നത്.

നിരീക്ഷണ ക്യാമറയില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് ക്ഷേത്ര അംഗം കാഞ്ഞങ്ങാട്ടെ രാജേശ്വരി മഠത്തിലെ കെ. കാര്‍ത്ത്യായനി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു.കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതിയെ പയ്യന്നൂര്‍ പോലീസിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.