അടൂർ: തമിഴ്‌നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് നമ്പർ പ്ലേറ്റ് തിരുത്തി കറങ്ങി നടന്ന യുവാക്കൾ മാസങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ നമ്പർ തിരുത്തി നടന്ന ന്യൂജൻ വണ്ടിക്കള്ളന്മാർ നൂറനാട് പൊലീസിന്റെ കൈയിലാണ് അകപ്പെട്ടത്.

പള്ളിക്കൽ പഴകുളം ബിനു മൻസിലിൽ ഷാനു(25), പഴകുളം പടിഞ്ഞാറ് ചരിവയ്യത്ത് മേലേതിൽ മുഹമ്മദ് ഷാൻ (23) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങനാട് പുത്തൻചന്ത ജങ്ഷന് സമീപമുള്ള ഡോ. സുമാസ് ഇ.എൻ.ടി ക്ലിനിക്കിന് മുന്നിൽ പൂട്ടി വച്ചിരുന്ന തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ 220 മോട്ടോർ സൈക്കിൾ മാർച്ച് 27 ന് പുലർച്ചെ 02.30നാണ് ഇവർ മോഷ്ടിച്ചത്.

അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നിരവധി സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനം നൂറനാട് ഭാഗത്തേക്ക് പോയതായി സ്ഥിരീകരിച്ചിരുന്നു. വണ്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അറിയിച്ചു. വിശദമായ പരിശോധനയിൽ വ്യാജ നമ്പർ ഘടിപ്പിച്ചു ഉപയോഗിച്ചു വന്നിരുന്ന വാഹനം നൂറനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണത്തിൽ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയ വാഹനമാണ് പ്രതികളുടെ കൈയിലുള്ളതെന്ന് തിരിച്ചറിയുകയും അടൂർ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.

ഒന്നാം പ്രതി ഷാനു വധശ്രമക്കേസിലടക്കം പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അടൂർ ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അടൂർ സബ് ഇൻസ്പെക്ടർ എം. മനീഷ്, അജേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.