തിരുവനന്തപുരം: റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെയുള്ള പാതയോരത്തെ ഏഴ് ക്യാമറകളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. ഇതോടെ മാലിന്യ ലോബിയെ പൂട്ടാനുള്ള പഞ്ചായത്തിന്റെ നീക്കത്തിന് തിരിച്ചടിയേറ്റു.

ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി ഹോട്ടൽ, അറവുശാല മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് പതിവായിരുന്നു. മാലിന്യം അഴുകി തെരുവുനായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായതോടെയാണ് സിസിടിവി സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. 10 ലക്ഷത്തോളം രൂപ ചെലവിട്ട് കെൽട്രോൺ മുഖേനയായിരുന്നു ക്യാമറകൾ സ്ഥാപിച്ചത്.

ക്യാമറകൾക്ക് കണക്ഷൻ നൽകുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡിൽ മാലിന്യം തള്ളിയവരിൽ നിന്ന് ഒരു ലക്ഷം രൂപയോളം പഞ്ചായത്ത് പിഴ ഈടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മാലിന്യ ലോബിയാണോ ക്യാമറകൾ കവർന്നതെന്ന് പഞ്ചായത്തിന് സംശയമുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.