അരൂര്‍: ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണ കേസില്‍ കീഴ്ശാന്തിക്കാരന്‍ പിടിയില്‍. വിഷുനാളിലാണ് തിരുവാഭരണം മോഷണം പോയത് അറിഞ്ഞത്. ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ജോലി പ്രവേശിച്ച കൊല്ലം ഈസ്റ്റ്കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റിയാണ് (42) പിടിയിലായത്. ഇയാളെ കുറിച്ച് ക്ഷേത്രത്തില്‍ രേഖകള്‍ ഇല്ലാതിരുന്നത് പൊലീസ് അന്വേഷണത്തിന് തടസ്സമായി.

അരൂര്‍ പൊലീസ് മൂന്ന് ടീമായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങിയത്. ഈ മാസം 15 ന് രാമചന്ദ്രന്‍ പോറ്റിയുടെ മൊബൈല്‍ പ്രവര്‍ത്തിച്ചതോടെ പൊലീസിന് ലൊക്കേഷന്‍ എറണാകുളത്താണെന്ന് മനസ്സിലായി. എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തുടങ്ങി.

ഫെഡറല്‍ ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ചതും ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചതും അന്വേഷണത്തില്‍ കണ്ടെത്തി. ഏഴ് ലക്ഷം രൂപയ്ക്കാണ് തിരുവാഭരണത്തിലെ സ്വര്‍ണ്ണം പണയം വെച്ചത്. ഫെഡറല്‍ ബാങ്കിന്റെ തേവര ബ്രാഞ്ചിലായിരുന്നു സ്വര്‍ണ്ണം പണയം വെച്ചത്. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതാണ് രാമചന്ദ്രന്റെ ഹോബി എന്ന് ചോദ്യം ചെയ്യലില്‍ മനസ്സിലായതായി പൊലീസ് പറഞ്ഞു. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത രാമചന്ദ്രന്റെ ഏറ്റവും വലിയ വീക്‌നെസ് ഓഹരിവിപണിയാണത്രെ. സ്വര്‍ണ്ണം പണയം വെച്ച് മുഴുവന്‍ പണവും ഷെയര്‍ മാര്‍ക്കറ്റില്‍ ഇന്‍വെസ്റ്റ് ചെയ്തു എന്നാണ് ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരം.

പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. തുടര്‍നടപടികള്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഉണ്ടാകുമെന്ന് അരൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്‍ അറിയിച്ചു. സ്വര്‍ണ്ണം നഷ്ടപ്പെട്ടതിന് പുറമേ, ബാക്കിയുള്ള സ്വര്‍ണം പരിശോധിച്ചതില്‍ മുക്കുപണ്ടമാണെന്ന് അറിഞ്ഞതും ഭാരവാഹികളെ കുഴക്കിയിരിക്കുകയാണ്. പ്രതിയെ റിമാന്‍ഡ് ചെയ്ത ശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ മോഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ.