- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ല കുമ്പഴ റോഡിൽ പച്ചക്കറി കയറ്റി വന്ന ലോറിയും ഗാനമേള പാർട്ടിയുടെ ഗുഡ്സ് കാരിയറും കൂട്ടിയിടിച്ച് രണ്ടു മരണം: മരിച്ചത് ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ
പത്തനംതിട്ട: തിരുവല്ല-കുമ്പഴ റോഡിൽ ചുരുളിക്കോടിന് സമീപം പച്ചക്കറി കയറ്റി വന്ന ലോറിയും ഗാനമേള ട്രൂപ്പിന്റെ സാധനങ്ങൾ കയറ്റി വന്ന ഗുഡ്സ് കാരിയറും കൂട്ടിയിച്ച് രണ്ടു മരണം. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറിയുടെ ഡ്രൈവർ നീലഗിരി കുനൂർ സ്വദേശി അജിത്ത് കുമാർ, ഗുഡ്സ് കാരിയറിന്റെ ഡ്രൈവർ പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാനിൽ സഞ്ചരിച്ചിരുന്ന മുതുകുളം സ്വദേശി സുർജിത്തിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 6.15 നാണ് അപകടം. കോഴഞ്ചേരി ഭാഗത്തു നിന്നും വന്നതാണ് പച്ചക്കറി ലോറി. സീതത്തോട്ടിൽ ഗാനമേള കഴിഞ്ഞ് മടങ്ങിയ കണ്ണകി എന്ന ട്രൂപ്പിന്റെ സൗണ്ട് സിസ്റ്റവും കയറ്റി വന്നതാണ് ബഡാദോസ്ത് ഗുഡ്സ് കാരിയർ. ഇരുവാഹനങ്ങളും നേർക്കു നേരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി സമീപത്തെ മതിലും തകർത്ത് മറിഞ്ഞു.
ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഒരു മണിക്കുറോളം സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർ ഫോഴ്സുമെത്തിയാണ് വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്