- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസ്വം ബോർഡ് ക്ഷേത്രപ്രവേശനവിളംബരത്തിന്റെ വാർഷികപരിപാടിയിൽ തിരുവിതാംകൂർ രാജകുടുംബം പങ്കെടുക്കില്ല; നോട്ടീസ് വിവാദം അപമാനിക്കലായെന്ന് രാജകുടുംബത്തിന് പരാതി
തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രപ്രവേശനവിളംബരത്തിന്റെ വാർഷികപരിപാടിയിൽ തിരുവിതാംകൂർ രാജകുടുംബം പങ്കെടുക്കില്ല. പരിപാടിയുടെ നോട്ടീസ് വിവാദമായതിന് പിന്നാലെയാണ് തീരുമാനം. പരിപാടിയിൽ മുഖ്യാതിഥികളായി ഗൗരി പാർവതി ഭായിയേയും അശ്വതി തിരുനാൾ ലക്ഷ്മി ഭായിയേയുമാണ് ക്ഷണിച്ചിരുന്നത്. നോട്ടീസിനെതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും രംഗത്തുവന്നിരുന്നു.
നോട്ടീസിന് പിന്നാലെ രാജകുടുംബാങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങളും പ്രചാരണങ്ങളും ഉണ്ടായെന്നും അതുകൊണ്ട് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നും രാജകുടുംബാംഗങ്ങൾ അറിയിച്ചു. ദേവസ്വം ബോർഡ് നോട്ടീസ് വിവാദമാക്കിയത് തങ്ങളല്ലെന്നും അവർ പറയുന്നു. ബോധപുർവം അവഹേളിക്കാൻ അവസരമുണ്ടാക്കിയ സാഹചര്യത്തിൽ പ്രതിഷധസൂചകമായി പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും രാജകുടുംബാംഗങ്ങൾ അറിയിച്ചു. പരസ്യമായി അവർ പ്രതികരിക്കുകയുമില്ല.
വിവാദമായതിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നോട്ടീസ് പിൻവലിച്ചിരുന്നു. നാടുവാഴിത്തത്തെ വാഴ്‌ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തിനായി നടന്ന പോരാട്ടത്ത വിസ്മരിക്കുന്നുവെന്ന വിമർശനം ഉയർന്നതിന് പിന്നാലെ നോട്ടീസ് പിൻവലിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർദേശിക്കുകയായിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തെ പ്രകീർത്തിക്കുകയും ഗൗരി പാർവതി തമ്പുരാട്ടിയെ ഹിസ് ഹൈനസ് എന്നുമാണ് പോസ്റ്ററിൽ വിശേഷിപ്പിച്ചത്.
ക്ഷേത്ര പ്രവേശനവിളംബര ദിനം സ്ഥാപിതമായ ഗ്രന്ഥശാല സനാതനധർമം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക എന്ന രാജകൽപ്പനയുടെ ഭാഗമാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു



