ശ്രീകണ്ഠാപുരം : കണ്ണൂർ ജില്ലയിലെ കമ്പിവേലി കരാറുകാരനെ തന്റെ യൂട്യൂബ് വീഡിയോയിലൂടെ അപമാനിക്കുകയും ഇതു കാരണം ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചുവെന്ന പരാതിയിൽ തൊപ്പി എന്ന ട്യൂബറെ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണുർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാറിന് നൽകിയ പരാതിയെ തുടർന്നാണ് ശ്രീകണ്ഠാപുരം പൊലീസ് നാട്ടിൽ നിന്നും അറസ്റ്റു ചെയ്തത്.

ശ്രീകണ്ഠാപുരം പൊലീസാണ് ചൊവ്വാഴ്ച രാവിലെ നിഹാദിനെ അറസ്റ്റ് ചെയ്തത്. മങ്ങാട്ടെ വീടിന് സമീപത്തുവച്ചാണ് ശ്രീകണ്ഠാപുരം എസ്എച്ച്ഒ രാജേഷ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിർമ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്.

ബിസിനസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് തൂണുകളിലും മറ്റും തൂക്കിയ ബോർഡിലെ സജിയുടെ നമ്പർ തന്റെ വീഡിയോയിൽ പ്രദർശിപ്പിക്കുകയും സജിയെ നേരിട്ടു ഫോണിൽ വിളിച്ചു കമ്പി ക്കാരനല്ലേയെന്നു വിളിച്ചു ദ്വയാർത്ഥ പ്രയോഗത്തിലൂടെ അസഭ്യം പറയുകയും മറ്റുള്ള ഫോളോവേഴ്‌സിനെ കൊണ്ടു വിളിപ്പിക്കാൻ വീഡിയോയിലൂടെ പ്രേരിപിച്ചുവെന്നാണ് നിഹാദിനെതിരയുള്ള പരാതി. നിഹാദിന്റെ അറസ്റ്റു രേഖപ്പെടുത്തിയ ശ്രീകണ്ഠാപുരം പൊലീസ് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.