മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിയ ആള്‍ അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഡോക്ടര്‍ ഗുളിക എഴുതി നല്‍കാന്‍ തയ്യാറാവാതെ വന്നതോടെയാണ് കത്തി കാട്ടി ഭീഷണി മുഴക്കിയത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. ആശുപത്രിയിലെത്തിയ ആള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജദീര്‍ അലിയോട് അമിതശേഷിയുള്ള മയക്കുഗുളിക എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും ഡോസ് കൂടിയ മയക്കുഗുളിക എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഡോക്ടര്‍ വിറ്റാമിന്‍ ഗുളിക എഴുതിനല്‍കി. കുറിപ്പുമായി പുറത്തുപോയശേഷം തിരികെയെത്തിയാണ് ഡോസ് കൂടിയ മരുന്ന് എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് കത്തിയെടുത്ത് ഭീഷണിപ്പെടുത്തുക ആയിരുന്നു.

ഇതോടെ ഡോക്ടര്‍ മാനസികാരോഗ്യ വിദഗ്ധനെ കാണാനുള്ള കുറിപ്പടി എഴുതി നല്‍കുകയും ഇതുംവാങ്ങി ആള്‍ പോവുകയും ചെയ്തു. ഇതിനിടെ വിവരം ആശുപത്രിയിലുള്ളവര്‍ പോലീസിലറിയിച്ചു.പോലീസെത്തുമ്പോഴേക്കും ആള്‍ സ്ഥലംവിട്ടു. വ്യാഴാഴ്ച താലൂക്കാശുപത്രി സൂപ്രണ്ട് പോലീസില്‍ രേഖാമൂലം പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.